ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; ഇടുക്കി ജില്ല ആശങ്കയില്‍

0
1009

രാജാക്കാട് പഞ്ചായത്തിലാണ് കൂടുതല്‍ കേസുകള്‍. ജില്ലയില്‍ ഇന്നലെ ആകെ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ഇടുക്കിയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. രാജാക്കാട് പഞ്ചായത്തിലാണ് കൂടുതല്‍ കേസുകള്‍. ജില്ലയില്‍ ഇന്നലെ ആകെ 55 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഉറവിടം വ്യക്തമല്ലാത്ത 11 കേസുകളാണ് ഇന്നലെ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജകുമാരിയിലെ ചായക്കടക്കാരനും പുളിങ്കട്ട മൃഗാശുപത്രിയിലെ ജീവനക്കാരനും ഉള്‍പ്പടെ പൊതുജനങ്ങളുമായി അടുത്തിടപെടുന്നവര്‍ക്കാണ് ഇത്തരത്തില്‍ രോഗം കണ്ടെത്തിയത്.രാജാക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

ജൂലൈ 12ന് മരിച്ച രാജാക്കാട് സ്വദേശിനിയുടെ ഭര്‍ത്താവും മകനുമടക്കം 13 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രാജാക്കാട്ടെ ഒരു ആരോഗ്യ പ്രവര്‍ത്തകക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നെത്തിയ 31 പേരടക്കം ആകെ 55 പേര്‍ക്കാണ് ഇന്നലെ ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രോഗവ്യാപനം കൂടിയതോടെ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ജില്ലയിലെ ആദ്യ ക്ലസ്റ്റകര്‍ രൂപപ്പെട്ട രാജാക്കാട് പഞ്ചായത്തില്‍ മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വണ്ടന്മേട്, ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പൂര്‍ണ്ണമായും, രാജാക്കാട് സി എച്ച് സി ഒപി വിഭാ താല്ക്കാലികമായി അടച്ചു. വിവിധ പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 112 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്‍തത്.